അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭൂരഹിതര്‍ക്കും ഭൂരഹിത-ഭവനരഹിതര്‍ക്കും ഭവനം പൂര്‍ത്തിയാക്കാത്തവര്‍ക്കും നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുക എന്നതാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാപദ്ധതി (ലൈഫ്) യുടെ ലക്ഷ്യം.
ആരൊക്കെയാണ് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കള്‍?
ഭൂമിയുള്ള ഭവനരഹിതര്‍
ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍/ വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍
പുറമ്പോക്കിലോ, തീരദേശമേഖലയിലോ, തോട്ടം മേഖലയിലോ താത്ക്കാലിക ഭവനം ഉള്ളവര്‍
ഭൂരഹിത-ഭവനരഹിതര്‍
എന്നിവരാണ് ലൈഫ് പദ്ധതിയുടെ ഗുണഭോക്താക്കള്‍
മാനസിക വെല്ലുവിളി നേരിടുന്നവര്‍ / അന്ധര്‍ / ശാരീരിക തളര്‍ച്ച സംഭവിച്ചവര്‍
അഗതികള്‍
അംഗവൈകല്യമുള്ളവര്‍
ഭിന്നലിംഗക്കാര്‍
ഗുരുതര / മാരക രോഗമുള്ളവര്‍
അവിവാഹിതരായ അമ്മമാര്‍
രോഗം / അപകടത്തില്‍പ്പെട്ട് ജോലി ചെയ്ത് വരുമാനം കണ്ടെത്താന്‍ പ്രാപ്തിയില്ലാത്തവര്‍
വിധവകള്‍
കേന്ദ്ര സര്‍ക്കാര്‍ 2011ല്‍ നടത്തിയ സാമൂഹിക-സാമ്പത്തിക ജാതി സെന്‍സസ് പ്രകാരം (എസ്.ഇ.സി.സി) ലഭ്യമായ ഭൂരഹിത-ഭവനരഹിതരുടെ പട്ടികയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പക്കല്‍ വിവിധ പദ്ധതികളിലേയ്ക്കായി തയ്യാറാക്കിയ ഭൂരഹിതര്‍/ഭവനരഹിതരുടെ പട്ടികയും സൂചകങ്ങളായി ഉപയോഗിച്ച് സര്‍വ്വേ നടത്തി അര്‍ഹരായവരെ കണ്ടെത്തുന്നു. കൂടാതെ ഈ ലിസ്റ്റുകളില്‍ ഉള്‍പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ട് കണ്ടെത്തുന്നതാണ്.
ആരാണ് സര്‍വ്വേ നടത്തുന്നത് ?പരിശീലനം ലഭിച്ച കുടുംബശ്രീ പ്രവര്‍ത്തകരാണ് സര്‍വ്വേ നടത്തുന്നത്. ആദിവാസി മേഖലയില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഇല്ലാത്തപക്ഷം എസ്.റ്റി പ്രൊമോട്ടര്‍മാരെ നിയോഗിക്കുന്നതാണ്.
സര്‍വ്വേ വിവരങ്ങളുടെ വെരിഫിക്കേഷന് നടത്തുന്നത് ആരാണ്?സര്‍വ്വേയുടെ മേല്‍പരിശോധന ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ നിര്‍വ്വഹിക്കുന്നതാണ്. ഗ്രാമപ്രദേശങ്ങളില്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരും നഗരപ്രദേശങ്ങളില്‍ ജെ.എച്ച്.ഐ-മാരുമാണ് മേല്‍പരിശോധന നടത്തുന്നത്.
സര്‍വ്വേ നടത്തി കണ്ടെത്തിയ ഗുണഭോക്താക്കളുടെ വിവരം എവിടെ ലഭിക്കും?സര്‍വ്വേ വിവരങ്ങള്‍ സര്‍ക്കാര്‍/ലൈഫ് മിഷന്/ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ് സൈറ്റുകളിലും പകര്‍പ്പുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ജില്ലാ മിഷന് ഓഫീസ്, കുടുംബശ്രീ ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്ററുടെ ഓഫീസ്, കുടുംബശ്രീ സി.ഡി.എസ്സിന്റെ ഓഫീസ്, വില്ലേജ് ഓഫീസുകള്‍ എന്നിവിടങ്ങളിലും ലഭിക്കും.
സര്‍വ്വേ നടത്തി പ്രസിദ്ധീകരിച്ച ലിസ്റ്റിന്മേലുള്ള ആക്ഷേപം / പരാതി എവിടെ നല്‍കണം?പ്രസിദ്ധീകരിച്ച ലിസ്റ്റിന്മേലുള്ള ആക്ഷേപം / പരാതി സ്വീകരിക്കുന്നതിനായി തദ്ദേശസ്വയംസ്ഥാപനങ്ങളുടെ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ സംവിധാനം ഉണ്ടായിരിക്കും.
സര്‍വ്വേ ലിസ്റ്റില്‍ ഉള് പ്പെടാത്ത ഭൂരഹിത-ഭവനരഹിതരെ കൂട്ടിച്ചേര്‍ക്കാനുള്ള അധികാരം ആര്‍ക്കാണ്?തദ്ദേശസ്വയംസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍
ഭൂരഹിത-ഭവനരഹിത കുടുംബങ്ങള്‍ മാത്രമാണോ ലൈഫ് മിഷന്റെ ഗുണഭോക്താക്കള്‍?അല്ല. ഭവനനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍/ വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍ എന്നിവരും ലൈഫ് മിഷന്റെ ഗുണഭോക്താക്കളാണ്
മറ്റ് ഭവന നിര്‍മ്മാണ പദ്ധതികളുമായി ലൈഫ് മിഷനുള്ള വ്യത്യാസം എന്താണ്?മറ്റ് ഭവന നിര്‍മ്മാണ പദ്ധതികള്‍ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിന് മാത്രം ലക്ഷ്യം വയ്ക്കുമ്പോള്‍, ഗുണഭോക്താക്കള്‍ സ്വന്തമായി ഉപജീവനം നിര്‍വ്വഹിക്കുന്നതിനും സമൂഹത്തിന്റെ നടത്തിപ്പില്‍ ഭാഗഭാക്കാകുന്നതിനും സാമൂഹിക ക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതിനും ഉതകുന്ന തരത്തിലുള്ള സുരക്ഷിതവും മാന്യവുമായ ഭവനങ്ങള്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് "ലൈഫ് മിഷന്".
ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ അയല്‍ക്കൂട്ടത്തിന്റെ പങ്ക് എന്ത്?സര്‍വ്വേയുടെ സൂചകങ്ങളായി ഉപയോഗിക്കുന്ന ലിസ്റ്റുകളില്‍ ഒന്നിലും ഉള് പ്പെടാത്ത അര്‍ഹരായ കുടുംബങ്ങളെ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേരിട്ട് കണ്ടെത്തുന്നതാണ്.
ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പങ്ക് എന്ത്?ഗുണഭോക്താക്കളെ കണ്ടെത്തുന്നതില്‍ ഏറ്റവും വലിയ ഉത്തരവാദിത്തം നിര്‍വ്വഹിക്കേണ്ടത് ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനമാണ്.
തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ കൈവശമുള്ള വിവിധ പദ്ധതികള്‍ക്കായി തയ്യാറാക്കിയ പട്ടിക ലൈഫ് മിഷന്, പരിശോധനക്കായി ലഭ്യമാക്കുക
ആവശ്യമായ കുടുംബശ്രീ ടീമിനെ സിഡിഎസ് പരിശോധനയ്ക്കായി സജ്ജമാക്കുന്നുവെന്ന് ഉറപ്പാക്കുക
കുടുംബശ്രീ ടീം നിശ്ചിത ദിവസങ്ങളില്‍പരിശോധന നടത്തുന്നുവെന്നും പരിശോധന വസ്തുനിഷ്ഠമാണെന്നും ഉറപ്പു വരുത്തുക മേല്‍പരിശോധനയ്ക്കായി 10% ഫോറങ്ങള്‍ റാന്‍ഡമായി തെരഞ്ഞെടുക്കുക
കുടുംബശ്രീ ടീം പരിശോധന നടത്തി ലഭ്യമാക്കുന്ന ഫാറങ്ങള്‍ മേല്‍പരിശോധനക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കുക, ഫീല്‍ഡ് തല ഉദ്യോഗസ്ഥരെ മേല്‍പരിശോധനയ്ക്കായി ചുമതലപ്പെടുത്തുക
ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് നിശ്ചിത എണ്ണം ഫാറങ്ങള്‍ മേല്‍പരിശോധന നടത്തി എന്ന് ഉറപ്പു വരുത്തുക
മേല്‍പരിശോധന കഴിഞ്ഞ് ലഭിച്ച ഫോറങ്ങള്‍ ആവശ്യമാകുന്ന പക്ഷം, പുനപരിശോധനയ്ക്കായി കുടുംബശ്രീ ടീമിനെ തിരികെ ഏല്‍പ്പിക്കുക. പുനപരിശോധന ആവശ്യമില്ലാത്തപക്ഷം ഡാറ്റാ എന്‍ട്രിക്കായി കുടുംബശ്രീ ജില്ലാമിഷന് കോ-ഓര്‍ഡിനേറ്റര്‍ (ഡിഎംസി) ക്ക് കൈമാറുക
പരിശോധനയ്ക്കു ശേഷമുള്ള കരട് പട്ടിക ലഭ്യമാകുന്ന മുറക്ക് അപ്പീലിനുള്ള അവസരം ഉറപ്പു വരുത്തുക
ലഭിക്കുന്ന അപേക്ഷകള്‍, ഫീല്‍ഡ് തല ഉദ്യോഗസ്ഥനെ ഉപയോഗിച്ച്, സ്ഥലപരിശോധന നടത്തി, ആവശ്യമാകുന്ന പക്ഷം നേരില്‍ കേട്ട്, അപ്പീല്‍ തീര്‍പ്പാക്കുക
അര്‍ഹരായ ആരെങ്കിലും വിട്ടുപോയിട്ടുള്ള പക്ഷം, ആവശ്യമായ പരിശോധന നടത്തി, ആദ്യ ഘട്ട അപ്പീലില്‍ കൂട്ടിചേര്‍ക്കുക. എന്നിവയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലകള്‍.
ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിക്കുന്നത് എങ്ങനെ?തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ കരട് പട്ടിക മലയാളത്തിലേയ്ക്ക് മാറ്റി, ക്രമ നമ്പര്‍, സര്‍വ്വേ കോഡ്, ഗൃഹനാഥന്റെ പേര്, മേല്‍വിലാസം, റേഷന്‍/ആധാര്‍ നമ്പര്‍, ക്ലേശഘടകങ്ങള്‍ എന്ന ക്രമത്തില്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കേണ്ടതാണ്. അര്‍ഹരല്ലാത്തവരുടെ കാര്യത്തില്‍ എന്ത് കാരണത്താല്‍ അര്‍ഹനല്ല എന്ന വിവരം രേഖപ്പെടുത്തേണ്ടതാണ്. എന്നാല്‍ പൊതുജനങ്ങളുടെ അറിവിലേക്കായി കരടു ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്പോള്‍ അര്‍ഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് മാത്രം പ്രസിദ്ധീകരിക്കേണ്ടതാണ്. മലയാളത്തില്‍ മാത്രമേ കരട് പട്ടിക പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂ. ഇതിനുള്ള ചെലവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തനത്ഫണ്ടില്‍ നിന്നും വിനിയോഗിക്കാവുന്നതാണ്.
ഏതെല്ലാം സ്ഥാപനങ്ങളിലാണ് പട്ടിക പ്രസിദ്ധീകരിക്കേണ്ടത്?എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഓഫീസുകളിലും, വെബ്സൈറ്റിലും, കുടുംബശ്രീ എ.ഡി.എസ് ഓഫീസിലും, കുടുംബശ്രീ ജില്ലാമിഷന് കോ-ഓര്‍ഡിനേറ്ററുടെ ഓഫീസ്, ജില്ലാ കളക്ടറേറ്റ്, അംഗനവാടികള്‍, വില്ലേജ് ഓഫീസുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലുള്ള എല്ലാ പ്രധാനപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളിലും കൂടാതെ വാര്‍ഡിന്റെ കരട് പട്ടിക, ബന്ധപ്പെട്ട വാര്‍ഡ് കൗണ്‍സിലര്‍/വാര്‍ഡ് അംഗത്തിനും ലഭ്യമാക്കേണ്ടതാണ്.
റേഷന്‍ കാര്‍ഡ് ഇല്ല എന്ന കാരണത്താല്‍ ഒഴിവാക്കിയവരും എന്നാല്‍ വളരെ അര്‍ഹതയുള്ളവരെയും ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമോ?അഗതികളെ ഉള്‍പ്പെടുത്താം, ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉടനടി സ്വീകരിക്കേണ്ടതാണ്.
പൂര്‍ത്തീകരിക്കാത്ത ഭവനങ്ങള്‍ ഉള്ളവരെ, ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ടോ?വേണ്ട, ഇവരുടെ പട്ടിക ലൈഫ് മിഷന് പ്രത്യേകം ശേഖരിച്ചിട്ടുണ്ട്. ഇവരെ അപ്പീലിലും പരിഗണിക്കേണ്ടതില്ല. പൂര്‍ത്തീകരിക്കാത്ത ഭവനങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുന്നതാണ്.
വാസയോഗ്യമല്ലാത്ത ഭവനങ്ങളില്‍ താമസിക്കുന്നവരെ ഈ ഘട്ടത്തില്‍ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ടോ?ഈ ഘട്ടത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ പാടില്ല. വാസയോഗ്യമല്ലാത്ത ഭവനങ്ങള്‍ കണ്ടെത്തുന്നതിന് സാങ്കേതിക പരിശോധന ആവശ്യമാണ്. ആയതിന് റ്റി.പിറ്റി.എ-യെ നിയോഗിച്ചിട്ടുണ്ട്. ഇത്തരം ഭവനങ്ങള്‍ കണ്ടെത്തി ധനസഹായം നല്‍കുന്നതിന് വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശം പിന്നീട് നല്‍കുന്നതാണ്. എന്നാല്‍ തടി, ഷീറ്റ് എന്നിവ കൊണ്ട് മാത്രം നിര്‍മ്മിച്ചിട്ടുള്ള താത്ക്കാലിക ഭവനങ്ങളെ ഭവനരഹിതരായി പരിഗണിച്ച് ഉള്‍ക്കൊള്ളിക്കേണ്ടതാണ്.
ക്ലേശഘടകങ്ങള്‍ ഉള്ള കുടുംബങ്ങളെ പരിഗണിക്കുമ്പോള്‍, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കേണ്ടതുണ്ടോ? വേണ്ട. എന്നാല്‍ പരിശോധനാ സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, വിവരങ്ങള്‍ ചോദിച്ച് മനസ്സിലാക്കി നീതിപൂര്‍വ്വമായ ഒരു തീരുമാനത്തില്‍ എത്തേണ്ടതാണ്. പിന്നീട് ഭവനങ്ങള്‍ നല്കുന്ന വേളയില്‍ ഇവ വിദഗ്ദ്ധമായി പരിശോധിക്കുന്നതാണ്. കൈവശമുള്ള വസ്തുവിന്റെ അളവ് പരിശോധിക്കുമ്പോള്‍ രേഖകള്‍ ആവശ്യപ്പെടേണ്ടതുണ്ടോ?സാധാരണയായി ആവശ്യമില്ല. എന്നാല്‍ സംശയമുള്ള കാര്യങ്ങളില്‍ രേഖകള്‍ ആവശ്യപ്പെടാവുന്നതും വില്ലേജ് ഓഫീസില്‍ നിന്നും രേഖകള്‍ ശേഖരിച്ച് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്.
ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ ഭവനരഹിതനായി താമസിക്കുകയും എന്നാല്‍ ടിയാന്റെ ഭൂമി മറ്റൊരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ വരുകയും ചെയ്യുമ്പോള്‍ ഏത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഗുണഭോക്താവായി പരിഗണിക്കണം?നിലവില്‍ താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഗുണഭോക്താവായി പരിഗണിച്ച്, അന്തിമപട്ടിക തയ്യാറാക്കേണ്ടതാണ്. ആയതിന് ശേഷം ഭരണസമിതിയുടെ തീരുമാനത്തോടെ വസ്തുവുള്ള തദ്ദേശസ്വയംഭരണ സമിതിക്ക് കൈമാറി തുടര്‍ന്ന് പ്രസ്തുത സ്ഥാപനത്തിന്റെ ഗുണഭോക്താവായി പരിഗണിക്കേണ്ടതാണ്.
ക്ലേശഘടകങ്ങള്‍ ഉള്ള ഗുണഭോക്താക്കളുടെ മുന്‍ഗണന എങ്ങനെ നിശ്ചയിക്കണം?ഏറ്റവും കൂടുതല്‍ ഘടകങ്ങള്‍ ഉള്ളവരെ ആദ്യവും, ക്ലേശഘടകങ്ങളുടെ എണ്ണം കുറയുന്നതനുസരിച്ച് മുന്‍ഗണന കുറച്ച് പട്ടിക തയ്യാറാക്കേണ്ടതുമാണ്. ക്ലേശഘടകങ്ങളുടെ എണ്ണം സമാനമായാല്‍ താഴെ പറയുന്ന മുന്‍ഗണനാക്രമം നിശ്ചയിക്കാവുന്നതാണ്.
മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍/അന്ധര്‍/ശാരീരിക തളര്‍ച്ച സംഭവിച്ചവര്‍
അഗതികള്‍
അംഗവൈകല്യമുള്ളവര്‍ (40%-ന് മുകളില്‍)
ഭിന്നലിംഗക്കാര്‍
ഗുരുതര/മാരകരോഗമുള്ളവര്‍
അവിവാഹിതരായ അമ്മമാര്‍
രോഗം/അപകടത്തില്‍പ്പെട്ട്, ജോലി ചെയ്ത് വരുമാനം കണ്ടെത്താന്‍ പ്രാപ്തിയില്ലാത്തവര്‍
വിധവകള്‍
അഡിഷണൽ ചീഫ് സെക്രട്ടറി (തദ്ദേശസ്വയംഭരണ വകുപ്പ്)
സെക്രട്ടറി-ലൈഫ് മിഷന്
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
ലൈഫ് മിഷന്
ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
പ്രോഗ്രാം മാനേജർ
പ്രോഗ്രാം മാനേജർ
പ്രോഗ്രാം മാനേജർ
സിവിൽ എഞ്ചിനീയർ
സിവിൽ എഞ്ചിനീയർ
സിവിൽ എഞ്ചിനീയർ
അക്കൗണ്ടന്റ്
എം ഐ എസ് സ്പെഷ്യലിസ്റ്റ്
ഡാറ്റ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ്
ഓഫീസ് അറ്റന്റന്റ് /മൾട്ടി ടാസ്ക് പേഴ്സൺ
ഓഫീസ് അറ്റന്റന്റ്
തിരുവനന്തപുരം
കൊല്ലം
പത്തനംതിട്ട
ആലപ്പുഴ
കോട്ടയം
ഇടുക്കി
എറണാകുളം
തൃശൂർ
പാലക്കാട്
മലപ്പുറം
കോഴിക്കോട്
വയനാട്
കണ്ണൂർ
കാസർകോട്
|
|
നവകേരള മിഷന് - മുഖ്യമന്ത്രി എം.എല്‍.എ. മാരെ അഭിസംബോധന ചെയ്യുന്നു
നവകേരള മിഷന് പ്രഖ്യാപനം
നവ കേരള മിഷന്
©2025 Official website of LIFE Mission, Government of Kerala
[ Version : ]
Developed & Maintained by Information Kerala Mission